ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഗ്രീഷ്മയുടെ കോലം കത്തിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ (എകെഎംഎ). ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലാണ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർകാവ് അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ഗ്രീഷ്മയുടെയും ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.
പ്രതി ഗ്രീഷ്മ അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്ക് ജാമ്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും വെറും 22 വയസ് മാത്രമാണ് പ്രായമെന്നും വിചാരണയിൽ ഇടപെടുമെന്നോ ഒളിവിൽ പോകുമെന്നോ ഉള്ള ആശങ്കയ്ക്ക് ഇടയില്ലെന്നും കോടതി ചുണ്ടിക്കാട്ടിയിരുന്നു. കൂടാതെ 2022 ഒക്ടോബർ 31 മുതൽ കസ്റ്റഡിയിലാണെന്നതും വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.
കാമുകനായ ഷാരോൺ രാജിനെ ഗ്രീഷ്മ 2022 ഒക്ടോബർ 14ന് രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണ് കേസ്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതോടെയാണ് വിഷം നൽകാൻ ഗ്രീഷ്മ തീരുമാനിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായ ഷാരോൺ ഒക്ടോബർ 25നാണ് രുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തെളിവുനശിപ്പിക്കാൻ ശ്രമിച്ചതിന് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തിരുന്നു.