സോഷ്യൽ മീഡിയ താരം ‘മീശ വിനീത്’ വീണ്ടും അറസ്റ്റിൽ. സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിലാണ് കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ വിനീതിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽ നിന്നും പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. എന്നാൽ തന്റെയടുത്തെത്തിയാൽ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകാമെന്ന് പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഇതനുസരിച്ച് തിരുവനന്തപുരത്ത് നിന്നും കെഎസ്ആർടിസി ബസിൽ യുവതി കിളിമാനൂരിൽ എത്തി. ബസിറങ്ങിയ യുവതിയെ വിനീത് ബൈക്കിൽ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് യുവതി കിളിമാനൂർ പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയതിനേത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു. നേരത്തെ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടുലക്ഷം രൂപ കവർന്ന കേസിലും ബലാത്സംഗക്കേസിലും വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.