മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വീണ്ടും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോപണത്തോടുണ്ടായ മുഖ്യമന്ത്രിയുടെ പ്രതികരണം യോജിച്ചതാണോയെന്ന് ജനം വിലയിരുത്തട്ടെ. താൻ പറഞ്ഞ കാര്യങ്ങൾ അസംബന്ധമാണോയെന്ന് മുഖ്യമന്ത്രി തെളിയിക്കട്ടെയെന്നും മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
മാത്രമല്ല, വീണ വിജയനുമായി ബന്ധപ്പെട്ട കമ്പനിയുടെ വെബ്സൈറ്റ് എഡിറ്റ് ഹിസ്റ്ററി മാത്യു കുഴൽനാടൻ പ്രദർശിപ്പിച്ചു. നിർണായക വിവരങ്ങൾ ഒഴിവാക്കിയതായി ആരോപിക്കുകയും ചെയ്തു. ജെയ്‌ക് ബാലകുമാറിന്റെ പേര് എന്തിനാണ് മാറ്റിയതെന്ന് അറിയണമെന്നും വീണയുടെ കമ്പനി എക്സോലോജിക് സിംഗിൾ ഡയറക്ടർ കമ്പനിയാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി.
സ്വപ്നക്ക് ജോലി ലഭിച്ചത് PWC വഴിയാണ്. സ്വപ്‍നക്ക് സെക്രട്ടേറിയറ്റിൽ ജോലി ലഭിച്ചത് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് വഴിയും. വീണയുടെ ഐ ടി കമ്പനി സൈറ്റിൽ ജെയ്‌ക് ബാലകുമാറിനെ പറ്റിയുള്ള വിവരങ്ങളുണ്ടായിരുന്നു. വ്യക്തിപരമായി അടുപ്പമുണ്ടെന്നും മെന്ററും ഗൈഡുമാണെന്നും വെബ്‌സൈറ്റിൽ എഴുതിയിരുന്നു. വിവാദമായപ്പോൾ 2020 മെയ് മാസത്തോടെ സൈറ്റ് ഡൗൺ ആവുകയും വിവരങ്ങൾ ഡിലീറ്റ് ചെയ്യുകയുമാണ് ഉണ്ടായത്.
എന്തുകൊണ്ടാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്‌തതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. കമ്പനിയുടെ മൂന്ന് കൺസൾട്ടന്റുമാരിൽ ഒരാളാണ് ജെയ്‌ക് ബാലകുമാറെന്നും പി എസ് സി ഉദ്യോഗാർഥികൾ സമരം ചെയ്യുമ്പോൾ ഒന്നര ലക്ഷം രൂപ ശമ്പളം നൽകിയാണ് സ്വപ്നയെ പി ഡബ്ല്യു സി നിയമിച്ചതെന്നും കുഴൽനാടൻ വ്യക്തമാക്കി.
താൻ പറഞ്ഞതിൽ നിന്ന് ഒരു വരിയോ അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറല്ലെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നുമാണ് മാത്യു കുഴൽനാടൻ പറയുന്നത്.