വയനാട്ടിലെ അക്രമകാരിയായ നരഭോജി കടുവയെ തിരിച്ചറിഞ്ഞതായി വനം വകുപ്പ്. വനം വകുപ്പിൻ്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ് പ്രായമുള്ള WWL 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് പ്രജീഷിനെ ആക്രമിച്ചതെന്നാണ് കണ്ടെത്തിയത്. കടുവയെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് വെടിവെച്ചു കൊല്ലാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
കടുവയെ പിടികൂടാനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. കടുവയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. വെറ്റിനറി സർജൻ ഡോ.അജേഷ് മോഹൻദാസ് ഉൾപ്പെടെയുള്ള വെറ്ററിനറി ടീം കൂടല്ലൂരിലെ ബേസ് ക്യാമ്പിലെത്തി. കടുവയെ ഇപ്പോൾ അകലമിട്ട് നിരീക്ഷിച്ച് വരുകയാണെന്ന് വനം വകുപ്പ് അറിയിച്ചു. ഇതിനായി 25 ക്യാമറകളും രണ്ട് കൂടും സജ്ജമാണ്. അഞ്ച് പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്ത് ഉണ്ടെന്നും ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികളുമായി ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിൽ കടുവയുടെ അക്രമണത്തിൽ ശനിയാഴ്ചയാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് കൊല്ലപ്പെട്ടത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിക്കാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.