രണ്ട് വർഷം മുമ്പ് ഭാഗ്യവാനെന്ന് പ്രകീർത്തിച്ച് കേരളം ചുമലിലേറ്റി നടന്നയാൾ. ഇന്ന് ആ ഭാഗ്യശാലിയെ പുച്ഛത്തോടെയാണ് ജനം വീക്ഷിക്കുന്നത്. എന്താണ് സംഭവമെന്നല്ലേ. ഇന്നലെ കോട്ടയം കുമരകത്ത് വെച്ച് കഞ്ചാവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. ചോദ്യം ചെയ്തപ്പോഴാണ് മനസിലാകുന്നത് രണ്ട് വർഷം മുമ്പ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ജോതാവാണ് പ്രതിയെന്ന്.
കുമരകം കുറുപ്പംപറമ്പിൽ ശ്രീജിത്ത് (36) ആണ് കഞ്ചാവുമായി പിടിയിലായത്. വിജനമായ കുമരകം പുതിയകാവ്-വാര്യത്ത്കടവ് റോഡ്, ആറാട്ട് കടവ് റോഡ് എന്നിവ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന നടത്തിവരുന്നതിനിടെയാണ് ഹൈസ്‌കൂളിന് പിന്നിലെ റോഡിൽ വെച്ച് ഇയാൾ പിടിയിലായത്. വിൽപ്പന നടത്താനുള്ള എളുപ്പത്തിനായി ചെറുതായി ഉരുട്ടിവെച്ച കഞ്ചാവുപൊതികളുമായാണ് ശ്രീജിത്ത് പിടിയിലായത്.
50 ഗ്രാമിന് 2,500 രൂപയിൽ അധികം വാങ്ങിയായിരുന്നു ശ്രീജിത്ത് കഞ്ചാവ് ആവശ്യക്കാർക്ക് എത്തിച്ച് നൽകിയിരുന്നത്. പണത്തിന് വേണ്ടിയാണ് ശ്രീജിത്ത് കഞ്ചാവ് വിൽപ്പന നടത്തിയതെങ്കിൽ ലോട്ടറി അടിച്ചപ്പോൾ ലഭിച്ച തുക എവിടെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.