വയനാട് പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരന്റെ ആത്മഹത്യക്ക് പിന്നാലെ ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ.അബ്രഹാമിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുൽപ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തിൽ പ്രസിഡന്റായിരുന്നു അബ്രഹാം. നിലവിൽ കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയാണ്.
ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹവുമായി പുൽപ്പള്ളിയിൽ റാലി നടത്താനാണ് ബന്ധുക്കളുടെയും ആക്ഷൻ കമ്മിറ്റിയുടെയും തീരുമാനം. കൂടാതെ അബ്രഹാമിന്റെ വീടിന് മുന്നിൽ എത്തിച്ച് പ്രതിഷേധിക്കുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു. രാജേന്ദ്രൻ നായരുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ആക്ഷൻ കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. രാജേന്ദ്രൻ നായരുടെയും തട്ടിപ്പിനിരയായ മറ്റുള്ളവരുടെയും കടബാധ്യത കോൺഗ്രസ് ഏറ്റെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
വായ്പാ തട്ടിപ്പ് കേസിൽ ആരോപണവുമായി മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് ടി.എസ്.കുര്യൻ രംഗത്തുവന്നിരുന്നു. മുൻ ഭരണസമിതി പ്രസിഡന്റും സഹായിയും ചേർന്ന് ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്നും കോടികളാണ് കർഷകർ ഉൾപ്പടെയുള്ളവരുടെ പേരിൽ തട്ടിയെടുത്തതെന്നും ടി.എസ്.കുര്യൻ പറഞ്ഞിരുന്നു.