പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തുടങ്ങുമ്പോൾ കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമെന്ന അറിയിപ്പുമായി കൊച്ചി മെട്രോ. ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്ര സാധിക്കുക. രാവിലെ ഏഴുമണി മുതല്‍ ഒമ്പത് മണിവരെ സ്കൂളിലേക്കും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ തിരിച്ചും സൗജന്യയാത്ര ലഭിക്കും. വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് ടിക്കറ്റ് കൗണ്ടറില്‍ ഹാജരാക്കണം.
മെട്രോ ഒരുക്കുന്ന മറ്റൊരു സാധ്യത മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതൽ വിവാഹ ഷൂട്ടിന് അനുമതി നൽകുമെന്നതാണ്. മെട്രോയെ ലാഭത്തിലാക്കുക എന്ന ലക്ഷ്യമാണ് ഈ പരീക്ഷണത്തിന് പിന്നിൽ. ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ഷൂട്ടിനായി ബുക്ക് ചെയ്യാൻ അനുമതിയുണ്ട്. നിർത്തിയിട്ട ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം. നിർത്തിയിട്ട ട്രെയിനിൽ രണ്ട് മണിക്കൂർ ഷൂട്ട് ചെയ്യാൻ 5000 രൂപയാണ് ഈടാക്കുക.