കൊല്ലം നിലമേലിലെ വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാറിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതി മറ്റു വകുപ്പുകളിലായി ആറുവർഷവും രണ്ടുവർഷവും ഒരുവർഷവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കൊല്ലം കോടതിയുടെ വിധി. 12,05,000 ലക്ഷം രൂപ പിഴ അടയ്ക്കുകയും വേണം. രണ്ടര ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതിയുടെ ഉത്തരവ്.
കൊല്ലം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ സുജിത്താണ് വിധി പ്രഖ്യാപനം നടത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ വിധിച്ച കോടതി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകൾ തെളിഞ്ഞതായും കണ്ടെത്തി.
ശിക്ഷ വിധിക്കുന്നതിന് മുമ്പായി എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് അച്ഛനെ നോക്കാൻ മറ്റാരുമില്ലെന്നും അച്ഛന് ഓർമക്കുറവുണ്ടെന്നും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ആയിരുന്നു മറുപടി. കേസ് വ്യക്തിക്കെതിരെയല്ലെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതി സർക്കാർ ഉദ്യോഗസ്ഥനും വിദ്യാസമ്പന്നനുമാണെന്നതും പശ്ചാത്താപമില്ല എന്നതും കോടതി പരിഗണിക്കണമെന്നും രാജ്യം മൊത്തം ഈ വിധിയെ ശ്രദ്ധിക്കുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.