സംസ്ഥാനത്ത് മിന്നൽ പ്രളയ സാധ്യതയുണ്ടെന്ന പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. കേരളത്തിൽ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷന്റെ മുന്നറിയിപ്പ്.
ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നതോടെയാണ് നദികളിലെ ജലനിരപ്പ് നിരീക്ഷിക്കാൻ സംഘം എത്തുന്നത്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്.
ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ് ഉള്ളത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. വിനോദസഞ്ചാരികൾ രാത്രി യാത്രകളും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കുക. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.