കൊല്ലം ഓയൂരിൽ ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഡിസംബർ 15 വരെ റിമാൻഡ് ചെയ്തു. ചാത്തനൂർ സ്വദേശിയായ പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. കോടതി മുറിക്കുള്ളിൽ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയായിരുന്നു പ്രതികളുടെ പേരുമാറ്റം. മൂവരും പരസ്പരം സംസാരിക്കുകയും ചെയ്തു. ലളിതയെന്ന ബന്ധുവാണ് ഇവർക്ക് വേണ്ടി വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്. പ്രതികൾക്കായി 2 അഭിഭാഷകരും ഹാജരായി. അനിതകുമാരിയെയും മകൾ അനുപമയെയും അട്ടക്കുളങ്ങരയിലെ ജയിലിലേക്കും പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മാറ്റും.
കോവിഡിന് ശേഷം പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഒരു വർഷം നീണ്ട ആസൂത്രണമുണ്ടായിരുന്നു എന്ന് എഡിജിപി എം.ആർ അജിത്കുമാർ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിട്ടുണ്ട്. മറ്റ് പല സ്ഥലങ്ങളിലും കിഡ്നാപ്പ് ചെയ്യാൻ കുട്ടികളെ അന്വേഷിച്ചിരുന്നു എന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. പത്മകുമാർ കംപ്യൂട്ടർ ബിരുദധാരിയാണ്.
പൊലീസ് നീക്കങ്ങളിൽ പ്രതികൾ കരുതലോടെ നീങ്ങി. കുറ്റകൃത്യത്തിന് ശേഷം ഇവർ തമിഴ്നാട്ടിലേക്കായിരുന്നു പോയത്. കാറിന് വ്യാജ നമ്പർ നിർമിക്കുകയായിരുന്നു ഇവരുടെ ആദ്യ പടി. കിഡ്നാപ്പിങ് നടത്താൻ സൗകര്യമുള്ള സ്ഥലവും കുട്ടികളെയും തിരഞ്ഞ് കുടുംബം പരിസരങ്ങളിലായി കാറിൽ കറങ്ങാറുണ്ടായിരുന്നു എന്നാണ് വിവരം. അധികം ശ്രദ്ധയിൽപ്പെടാത്തതും കൈകാര്യം ചെയ്യാൻ എളുപ്പവുമായ കുട്ടികളെയായിരുന്നു പ്രതികൾക്ക് ആവശ്യം. സംഭവം നടക്കുന്നതിന് ഒരാഴ്ച മുൻപേയായിരുന്നു ഓയൂരിലെ കുട്ടിയും സഹോദരനും ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.
രണ്ട് മൂന്ന് തവണ ഇവർ പരിസരത്ത് തമ്പടിക്കുകയും കുട്ടിയെ കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുട്ടിയെ തട്ടിയെടുക്കാൻ രണ്ടു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവ ദിവസം നാലു മണിയോടെ കുട്ടികൾക്കടുത്തെത്തിയ ഇവർ ആദ്യം മൂത്ത കുട്ടിയെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പക്ഷെ, അത് നടക്കാതെ വന്നതോടെ ആറുവയസുകാരിയായ അനുജത്തിയിലേക്ക് നീങ്ങി. ഇടയ്ക്ക് കുട്ടിയിൽ നിന്ന് മാതാവിന്റെ ഫോൺ നമ്പർ വാങ്ങുകയും കുട്ടിയുടെ അമ്മയെ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സംഭവം വലിയ വാർത്തയായതും ഇവർ അറിഞ്ഞിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ഫോൺ പോലും ഉപയോഗിക്കാതെയായിരുന്നു പ്രതികളുടെ നീക്കം.