രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.
നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയുണ്ടാകും. പോളിങ് കുറഞ്ഞെങ്കിലും ഉപതിരഞ്ഞെടുപ്പ് ഫലം തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎയും എൽഡിഎഫും.
പാലക്കാടിനൊപ്പം പ്രിയങ്ക ഗാന്ധിയിലൂടെ വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു. അതേസമയം, ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. മാത്രമല്ല, വയനാട് വിജയപ്രതീക്ഷയില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിയുമെന്നാണ് സിപിഐ വിലയിരുത്തൽ.
ഫലം നാളെ വരാനിരിക്കെ സിപിഎമ്മിൻ്റെയും സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരുന്നുണ്ട്. ഇടതു മുന്നണി യോഗവും ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റികളുടെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടാകും.