കേരളത്തില്‍ മേൽവിലാസമുള്ള ആർക്കും ഇനി കേരളത്തില്‍ എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം. സ്ഥിരമായ മേൽവിലാസം ആവശ്യമാണെന്ന ചട്ടത്തിന് മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതോടെ സംസ്ഥാനത്തെ ഏത് ആർ.ടി.ഓഫീസിലും ജനങ്ങൾക്ക് വാഹനം രജിസ്റ്റർ ചെയ്യാനും കാസർകോട് ഉള്ള ഒരാൾക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പർ സ്വന്തമാക്കാനും സാധിക്കും.
ജോലി, ബിസിനസ് ആവശ്യങ്ങൾക്കായി ജില്ല മാറി താമസിക്കുന്നവർക്ക് പുതിയ നിയമം ഉപകാരപ്രദമാകും. സ്ഥിരം മേൽവിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികൾ മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. തൊഴിൽ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേൽവിലാസം, ഉയർന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികൾ ഇതോടെ ഒഴിവാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, കാസർകോട് ജില്ലയിലുള്ള ഒരു വാഹനം തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്യുകയും പിന്നീട് അത് കാസർകോട് തന്നെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിലും ഈ വാഹനത്തിൻ്റെ ടാക്‌സ് മുടങ്ങുന്നത് പോലെയുള്ള കാര്യങ്ങളിൽ രജിസ്റ്റർ ചെയ്‌ത ആർ.ടി.ഓഫീസിനായിരിക്കും ഉത്തരവാദിത്തം എന്നാണ് വിലയിരുത്തലുകൾ.