കേരളം കണ്ട 2023

Date:

Share post:

സംഭവ ബഹുലമായ ഒരു വർഷമാണ് പടിയിറങ്ങുന്നത്. വലിയ നേട്ടങ്ങളും കോട്ടങ്ങളും അടയാളപ്പെടുത്തിയ വർഷം. കേരളം ഇതുവരെ കാണാത്ത, കേൾക്കാത്ത വാർത്തകളും മലയാളി മനസ്സിനെ വേദനിപ്പിച്ച വേർപാടുകളും 2023 കൂടെക്കൂട്ടി. പുതുവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ 2023ൽ എന്തൊക്കെ സംഭവിച്ചുവെന്ന് ഒരു തിരിഞ്ഞു നോക്കാം.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം

മാർച്ച് മാസം രണ്ടാം തീയതി ആണ് കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം ഉണ്ടായത്. കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 110 ഏക്കർ സ്ഥലത്ത് ആണ് ബ്രഹ്മപുരത്തെ മാലിന്യ സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുരത്ത് നിന്ന് ഉയർന്ന പുക എറണാകുളത്തെ ജനജീവിതം ദുസ്സഹമാക്കി. എറണാകുളം ജില്ലയിലെ വായു മലിനീകരണത്തിൻ്റെ തോത് ഉയർന്ന സാഹചര്യത്തിൽ എത്തി. പലയാളുകളുകൾക്കും ചുമ, ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട്, തലവേദന ,തലക്കറക്കം ,കണ്ണിന് അസ്വസ്ഥത , ചൊറിച്ചിൽ എന്നിവ അനുഭവപ്പെട്ടു. 12,13 ദിവസങ്ങൾ എടുത്താണ് തീ ഒരുവിധം നിയന്ത്രണ വിധേയമാക്കിയത്.

ഏലത്തൂർ ട്രെയിൻ തീവെയ്പ്പ്

ഏപ്രിൽ മൂന്നിനാണ് കേരളത്തെ ഞെട്ടിപ്പിച്ച ഏലത്തൂർ ട്രെയിൻ തീവെയ്പ്പ് ഉണ്ടാകുന്നത്. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് എലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയാണ് പ്രതി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ ഒമ്പത് പേർക്ക് പൊള്ളലേറ്റിരുന്നു. സമീപത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് കേരളം വിട്ട പ്രതിയെ മഹാരാഷ്ട്രയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

അനിൽ ആൻ്റണി ബിജെപിയിലേക്ക്

ഏപ്രിൽ 6 നാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്. കുടുംബ ബന്ധങ്ങളെ രാഷ്ട്രീയം ബാധിക്കില്ലെന്നും പിതാവ് എ.കെ.ആന്റണി ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തിയാണ്. അതിൽ മാറ്റമുണ്ടാകില്ലെന്നുമാണ് അനിൽ ബിജെപി അം​ഗത്വം നേടി പറഞ്ഞത്. അന്നാൽ ഇതിനോട് എകെ ആന്റെണി വളരെ വൈകാരീകമായി പ്രതികരിച്ചതും രാഷ്ട്രീയ കേരളം കണ്ടു.

കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ്

ഏപ്രിൽ 25 ന് ആയിരുന്നു മലയാളികൾ കാത്തിരുന്ന സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തത്. അതിവേ​ഗ ട്രെയിൻ എന്ന ടാ​ഗ് ലൈനോടെ എത്തിയ വന്ദേഭാരതിനെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചു.

അരിക്കൊമ്പൻ

പതിറ്റാണ്ടുകളായി ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണക്കാരിയായ കാട്ടാനകളിലൊന്നായിരുന്നു അരിക്കൊമ്പൻ. അരിക്കൊമ്പനെകൊണ്ട് ജനം പൊറുതി മുട്ടിയപ്പോൾ ഏപ്രിൽ 29ന് കേരള വന്യജീവി വകുപ്പ് ചിന്നക്കനാലിൽ നിന്ന് അരീക്കൊമ്പനെ അതി സാഹസികമായി പിടികൂടി പെരിയാർ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടു.

മലപ്പുറം താനൂർ ബോട്ട് ദുരന്തം

കേരളത്തെ ഞെട്ടിച്ച് മെയ് 7നാണ് താനൂർ ബോട്ട് ദുരന്തം ഉണ്ടായത്. അപകടത്തിൽ 22 ജീവനുകളാണ് പൊലിഞ്ഞത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ അമിതമായി ആളുകളെ കയറ്റി നടത്തിയ ബോട്ട് യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ഇരുപത് പേരെ കയറ്റാവുന്ന ബോട്ടിൽ 39 പേർ ടിക്കറ്റെടുത്തിരുന്നു. വൈകുന്നേരമുണ്ടായ അപകടം രക്ഷാപ്രവർത്തനത്തിനും ഏറെ തടസ്സം സൃഷ്ടിച്ചിരുന്നു,

ഡോ വന്ദന ദാസിന്റെ കൊലപാതകം

മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് അതിദാരുണമായി കൊല്ലപ്പെടുന്നത്. പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി ആശുപത്രി ഡ്യൂട്ടിക്കിടെ വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം പൂയപ്പള്ളി സ്വദേശിയും സ്‌കൂൾ അധ്യാപകനുമായ 42 കാരനാണ് വന്ദനയെ കുത്തിവീഴ്ത്തിയത്. കേരളത്തിലെ ആരോ​ഗ്യപ്രവർത്തകർക്കിടയിൽ ഏറെ ‍‍ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു വന്ദനയുടെ മരണം. തുടർന്ന് മെയ് 17 ന് ആരോഗ്യ വിദഗ്ധരുടെ സുരക്ഷ ഉറപ്പാക്കാൻ കേരള സർക്കാർ ഒരു ഓർഡിനൻസ് പാസാക്കി .

എഐ തട്ടിപ്പ്

2023 ലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ തട്ടിപ്പ്, എഐയുടെ കാലമായിരുന്ന ഈ വർഷം ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്റർനെറ്റ് തട്ടിപ്പ് നടത്തി കോഴിക്കോട് സ്വദേശിയിൽ നിന്ന് 40,000 രൂപ തട്ടിയെടുത്തു . സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സൈബർ ക്രൈം റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണിത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേരള പൊലീസ് പ്രതികളെ ഒന്നൊന്നായി അറസ്റ്റ് ചെയ്തത്.

ഉമ്മൻചാണ്ടിയുടെ വിടവാങ്ങൽ

ജൂലൈ 18 നാണ് കേരള രാഷ്ട്രീയത്തിലെ അതികായൻ ഉമ്മൻചാണ്ടി വിടവാങ്ങിയത്. കേരളം ചരിത്രത്തിൽ ഇന്നുവരെ കാണാനാകാത്ത വിടവാങ്ങൽ യാത്രയയപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. തിരുവനന്തപുരം മുതൽ കോട്ടയം പുതുപ്പള്ളിവരെ അദ്ദേഹത്തിന്റെ ഭൗതീകദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരു മലയാളിയ്ക്കും മറക്കാനാവില്ല. വിലാപയാത്ര 100 കിലോമീറ്റർ പിന്നിടാൻ 17 മണിക്കൂറെടുത്തു. വഴിനീളെ ജനംക്കൂട്ടം തടിച്ചുകൂടി തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ, പുതുപ്പള്ളി കല്ലറയിൽ സംസ്കാരം നടത്തിയ ശേഷവും ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിക്കാൻ നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്.

വാർത്തയിൽ ഇടം നേടി റോബിൻ ബസ്സ്

പെർമിറ്റ് ലംഘനത്തിൻ്റെ പേരിൽ റോബിൻ ബസ് ഉടമയും എംവിഡിയും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത് സെപ്റ്റംബർ ഒന്നിനാണ്. ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള ബസ് നാഷണൽ പെർമിറ്റ് എടുത്തശേഷം പത്തനംതിട്ട കൊയമ്പത്തൂർ റൂട്ടിൽ ഓടാൻ തുടങ്ങിയതോടെ സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് പിടികൂടുകയും പിഴയടപ്പിക്കുകയും ചെയ്തത്. കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ നാഷണൽ പെർമിറ്റ് വ്യവസ്ഥകൾ ലഘൂകരിച്ചതിലൂടെയാണ് റോബിൻ ബസ് അടക്കം പെർമിറ്റ് നേടി അന്തർസംസ്ഥാന സർവീസുകൾ നടത്തിയത്. എന്നാൽ, ടൂറിസ്റ്റ് ബസ്സുകൾക്ക് നൽകുന്ന പെർമിറ്റിലൂടെ റൂട്ട് ബസ്സാക്കി മാറ്റാൻ അനുവദിക്കില്ലെന്നും അത് കെഎസ്ആർടിസിക്കും മറ്റ് സ്വകാര്യ ബസ്സുകാർക്കും തിരിച്ചടിയാകുമെന്നുമാണ് എംവിഡിയുടെ നിലപാട്. ബസ് നിയമവിരുദ്ധമായി ഓടിയാൽ പിഴയീടാക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി. ഇങ്ങനെ റോബിന് ബസ്സിന് പല തവണ എംവിഡി പിഴ ചുമത്തി.

കളമശ്ശേരി കൺവെൻഷൻ സെൻ്റർ സ്‌ഫോടനം

ഒക്‌ടോബർ 29നാണ് സംസ്ഥാനത്തെ ആശങ്കയുടെ മുൾ മുനയിൽ നിർത്തിയ കളമശ്ശേരി സ്ഫോടനം നടന്നത്. അപകടത്തിൽ ആകെ 7 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കേസിൽ പിടിയിലായ പ്രതി ഡോമിനിക് മാർട്ടിൻ  റിമാൻഡിലാണ്.


നവകേരള സദസ്

പിണറായി സർക്കാർ നടപ്പിലാക്കിയ നേട്ടങ്ങൾ വിവരിച്ചും ജനങ്ങളുടെ പരാതി പരിഹാരത്തിനായ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന ടാ​ഗ് ലൈനോടെ നവംബർ 18നാണ് നവകേരള സദസ് കാസർഗോഡ് ജില്ലയിൽ തുടക്കം കുറിച്ചത്. നവകേരള സദസ്സിന് മുൻപേ മന്ത്രിസഭയുടെ യാത്രയ്ക്കുള്ള ബസ് വാർത്തയിൽ ഇടം നേടി. ഡിസംബർ 23 ന് തിരുവനന്തപുരത്താണ് യാത്രസമാപിച്ചത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ വിവിധയിടങ്ങളിൽ കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ തടയാൻ പാർട്ടി പ്രവർത്തകർ നേരിട്ട രീതിയും വ്യാപക രീതിയിൽ വിമർശങ്ങൾക്ക് ഇടയാക്കി.

കുസാറ്റ് സർവ്വകലാശാലയിൽ തിക്കിലും തിരക്കിലുംപെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ​ഗാനസന്ധ്യക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികളാണ് മരിച്ചത്. നവംബർ 25നായിരുന്നു ദുരന്തം നടന്നത്.

ഓയൂർ തട്ടിക്കൊണ്ടുപോകൽ

മലയാളികൾ ഏറെ പ്രാർത്ഥനയോടെയും ഞെട്ടലോടെയും കടന്നുപോയ 21 മണിക്കൂറുകളാണ് ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം. മുൻകൂട്ടി തയ്യാറാക്കിയ സിനിമ സ്റ്റൈൽ തിരക്കഥപോലെ പ്രതികളായ പത്മകുമാറും കുടുംബവും കുട്ടിതട്ടിക്കൊണ്ടുപോകുന്നു. സിനിമ സ്റ്റൈലിൽ മോചന ദ്രവ്യം ആവശ്യപ്പെടുന്നു, പൊലീസും മാധ്യമങ്ങളും ആറ് വയസ്സുകാരിയെ തേടിയിറങ്ങിയതോടെ ​ഗത്യന്തരമില്ലാതെ കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കുന്നു. പിന്നീട് തമിഴ്നാട്ടിലേക്ക് കടന്ന പ്രതികളെ കേരള പൊലീസ് പിടികൂടി.

പിന്നീടുണ്ടായ നിരവധി വേർപാടുകളാണ് 2023 ന്റെ ചരിത്രത്തിൽ ഇടം നേടിയത്. നടി സുബി സുരേഷ് , നടൻ ഇന്നസെൻ്റ് , മാമുക്കോയ , കൊല്ലം സുധി, വക്കം പുരുഷോത്തമൻ , സംവിധായകൻ സിദ്ദിഖ്, ആനത്തലവട്ടം ആനന്ദൻ , കാനം രാജേന്ദ്രൻ തുടങ്ങിയ പ്രമുഖർ 2023ലെ നഷ്ടമാണ്. ഇനി ഒരു പുതുവർഷത്തിലേക്കുള്ള കാൽവെയ്പാണ്. നല്ല നാളേക്കായി പുതുവർഷ പിറവിയുടെ ആശംസകൾ!!!!

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...