മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാർശ. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് റിപ്പോർട്ട് നൽകി.
ഫർസീൻ്റെ പേരിലുള്ള 19 കേസുകളാണ് ശുപാർശയ്ക്കുള്ള പ്രധാന കാരണം. എല്ലാം രാഷ്ട്രീയ കേസുകളാണെങ്കിലും ഇവയ്ക്ക് ക്രിമിനൽ സ്വഭാവമുണ്ടെന്നത് പരിഗണിച്ചാണ് കാപ്പ ചുമത്താനുള്ള ശുപാർശയ്ക്ക് കാരണം. ഫർസീനെതിരെ കാപ്പ ചുമത്തി നാട് കടത്തുക എന്നതാണ് റിപ്പോർട്ടിലെ പരാമർശം.
കേരളം ഭരിക്കുന്ന പിണറായി വിജയൻ ഗവണ്മെൻ്റിൻ്റെ പക്കൽ അധികാരം ഉണ്ട്. പൊലീസും മറ്റെല്ലാ സംവിധാനങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികാര നടപടിയാണ് ഇതിന് പിന്നിൽ. തൻ്റെ പേരിലുള്ള കേസുകൾ പരിഗണിച്ചാണ് കാപ്പ ചുമത്തിയതെങ്കിൽ കണ്ണൂർ ജില്ലയിലെ ഒരു സിപിഐഎം നേതാവിനും ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്ത തരത്തിൽ കാപ്പ ചുമത്തേണ്ടി വരും. നിയമപരമായി തന്നെ നേരിടും. കോടതിയിൽ വിശ്വാസമുണ്ടെന്നും ഫർസീൻ മജീദ് പ്രതികരിച്ചു.