സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ദേശാഭിമാനി പത്രത്തിനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പോക്സോ കേസ് പ്രതി മോൺസൺ മാവുങ്കൽ ഇരയെ പീഡിപ്പിക്കുന്ന സമയത്ത് കെ സുധാകരന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്നാണ് എം വി ഗോവിന്ദൻ ആരോപിച്ചത്. ദേശാഭിമാനി പത്രത്തിലും ഇത് സംബന്ധിച്ച് വാർത്ത വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് കെ.സുധാകരൻ വ്യക്തമാക്കിയത്.
കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് പറഞ്ഞത് അടഞ്ഞ അധ്യായമാണെന്നും സുധാകരൻ പറഞ്ഞു. സുധാകരൻ നിയമനടപടി സ്വീകരിച്ചാൽ നേരിടുമെന്ന് എം.വി ഗോവിന്ദനും പ്രതികരിച്ചു. ഇതിനിടെ കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനുമെതിരായ കേസുകൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ പറഞ്ഞിരുന്നു. സുധാകരനെതിരെ കേസ് കൊടുത്തവരെല്ലാം കോൺഗ്രസുകാരാണ്. രഹസ്യമായി പറഞ്ഞ കാര്യം മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചത് സുധാകരന്റെ സന്തത സഹചാരിയാണെന്നും ബാലൻ കൂട്ടിച്ചേർത്തിരുന്നു.