പുൽപ്പള്ളി വായ്പാ തട്ടിപ്പ് കേസിൽ ബാങ്കിൻ്റെ മുൻ പ്രസിഡന്റായ കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. കെപിസിസി നടപടിക്ക് ഒരുങ്ങിയതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി. തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് രാജിയിൽ എബ്രഹാം വ്യക്തമാക്കി. നിരപരാധിത്വം തെളിയുന്നത് വരെ പദവികളിൽ നിന്ന് മാറിനിൽക്കുകയാണെന്നും എബ്രഹാം പറഞ്ഞു.
കഴിഞ്ഞ ദിവസം എബ്രഹാമിന്റെ ജാമ്യാപേക്ഷ ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പതിനാല് ദിവസത്തേക്ക് എബ്രഹാമിനെ റിമാന്റ് ചെയ്തിരിക്കുകയാണ്. വഞ്ചന, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ലോൺ തട്ടിപ്പ് കേസിലെ പരാതിക്കാരനായ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിന് പിന്നാലെയായിരുന്നു എബ്രഹാമിന്റെ അറസ്റ്റ്. തട്ടിപ്പ് നടക്കുന്ന വേളയിൽ ബാങ്ക് ഭരണസമിതി പ്രസിഡൻ്റായിരുന്നു ഇയാൾ.
വായ്പാ തട്ടിപ്പ് കേസിൽ എബ്രഹാമിനെതിരെ ആരോപണവുമായി മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് ടി.എസ്.കുര്യൻ രംഗത്തുവന്നിരുന്നു. മുൻ ഭരണസമിതി പ്രസിഡന്റും സഹായിയും ചേർന്ന് ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്നും കോടികളാണ് കർഷകർ ഉൾപ്പടെയുള്ളവരുടെ പേരിൽ തട്ടിയെടുത്തതെന്നും ടി.എസ്.കുര്യൻ പറഞ്ഞിരുന്നു.