ഹെൽമെറ്റിൽ ക്യാമറ വെച്ചാൽ ഇനി മുതൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. ക്യാമറ വച്ച ഹെൽമെറ്റ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവരോട് ആയിരം രൂപ പിഴ ഈടാക്കാനും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോർ വാഹനാപകടങ്ങൾ പരിശോധിക്കുമ്പോൾ ആളുകളുടെ മുഖത്ത് കൂടുതൽ പരിക്കേൽക്കുന്നതായാണ് ശ്രദ്ധയിൽപ്പെട്ടത്. ഹെൽമറ്റിന് മുകളിൽ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടവർക്കാണ് മുഖത്ത് സാരമായി പരുക്കേറ്റിട്ടുള്ളതെന്നും നിരീക്ഷണം ഉണ്ടായതിനെ തുടർന്നാണ് ഗതാഗതവകുപ്പ് കർശന നടപടി സ്വീകരിച്ചത്.
നിയമം ലംഘിച്ചാൽ ആയിരം രൂപയാണ് പിഴ ഈടാക്കുക. വീണ്ടും നിയമലംഘനം ഉണ്ടായാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും നിർദ്ദേശമുണ്ട്. ക്യാമറകൾ ഘടിപ്പിച്ച ഹെൽമെറ്റ് അപകടങ്ങളുണ്ടാകുമ്പോൾ അതിന്റെ ആഘാതം വർധിപ്പിക്കുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. ക്യാമറ ഘടിപ്പിക്കുന്നത് ഹെൽമെറ്റിന് ഘടനാപരമായ മാറ്റം വരുത്തിയാണെന്നും പഠനങ്ങളുണ്ടായിരുന്നു. ഹെൽമെറ്റ് തുളച്ച് ക്യാമറ പിടിപ്പിക്കുമ്പോൾ ഹെൽമെറ്റിന്റെ സുരക്ഷിതത്വം കുറയുന്നതായാണ് കണ്ടെത്തൽ. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നിയമം.