വിദേശത്ത് എംബിബിഎസ് ബിരുദം നേടി കേരളത്തിൽ പ്രാക്ടിസ് ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം പത്ത് വർഷത്തിനിടെ വർധിച്ചതായി കണക്കുകൾ. മെഡിക്കൽ കൗൺസിലിൻ്റെ 2002 മുതൽ 2024 വരെയുള്ള കണക്കുകളാണിത് വ്യക്തമാക്കുന്നത്. ഓൾ ഇന്ത്യ മെഡിക്കൽ കൗൺസിലിൻ്റെ എലിജിബിലിറ്റി ടെസ്റ്റ് പാസായി കേരളത്തിൽ പ്രാക്ടിസ് ചെയ്യുന്നവരുടെ എണ്ണം 3750 ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പത്ത് വർഷത്തിനിടെയാണ് ഈ പ്രവണത വർദ്ധിച്ചത്. റഷ്യ, ജോർജിയ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ,ഉസ്ബെക്കിസ്ഥാൻ,ബെലാറൂസ് തുടങ്ങി പഴയ സോവിയറ്റ് യൂണിയനിലെ രാജ്യങ്ങളെയാണ് കൂടുതൽ പേരും മെഡിക്കൽ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്. എന്നാൽ യുക്രെയ്നിൻ യുദ്ധം ഇത്തരക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.മെഡിക്കൽ ബിരുദത്തിനായി ചൈനയെ ആശ്രയിക്കുന്നവരുടെ എണ്ണവും കുറവല്ല.
രാജ്യത്തുനിന്ന് മറ്റു കോഴ്സുകൾ പഠിക്കാൻ വിദേശിക്ക് പോയ വിദ്യാർഥികളുടെ എണ്ണം 2022ൽ 7.5 ലക്ഷവും 2023ൽ 13 ലക്ഷവുമാണെന്നും കണക്കുകൾ പറയുന്നു. കേരളത്തിൽനിന്നുമാത്രം 2022ൽ 32,000 പേരും 2023ൽ 45,000 വിദ്യാർഥികളുമാണ് വിദേശ രാജ്യങ്ങളെ ആശ്രയിച്ചത്.
അതേസമയം വിജയിക്കുന്നവരുടെ അഞ്ചിരിട്ടി ആളുകൾ മതിയായ രോഗ്യതകൾ ഇല്ലാതെ രാജ്യത്ത് തിരിച്ചെത്തുന്നുണ്ട്. ഇങ്ങനെയെത്തുന്ന വ്യാജ ഡോക്ടർ മാരുടെ ചികിത്സ ഒഴിവാക്കാനാണ് 2002ൽ കേന്ദ്രസർക്കാർ എലിജിബിലിറ്റി ടെസ്റ്റ് നടപ്പാക്കിയത്.
അധുനിക വൈദ്യശാസ്ത്രത്തിൽ 99,033 ഡോക്ടർമാരും ആയുർവേദ വിഭാഗത്തിൽ 29,349 പേരും ഹോമിയോ വിഭാഗത്തിൽ 15,649 ഡോക്ടർമാരുമാണ് നിലവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത് പ്രാക്ടിസ് നടത്തുന്നത്.