സ്വന്തം നാട്ടിലെ ജനങ്ങൾ ആശുപത്രി ഇല്ലാതെ കഷ്ടപ്പെടുന്നത് കല്പണിക്കാരൻ കുഞ്ഞിരാമൻ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഇപ്പോഴിതാ വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ആശ്വാസമായി നാട്ടുകാർക്ക് ആശുപത്രി നിർമിച്ച് നൽകുക എന്ന ആഗ്രഹം സാധിച്ചിരിക്കുകയാണ് കുഞ്ഞിരാമൻ. കല്പണി ചെയ്ത് കിട്ടുന്ന തുഛമായ തുകയും ചിട്ടി യും ലോൺ ഉൾപ്പെടെയുള്ളവയും ഉപയോഗിച്ചാണ് ആധുനിക സംവിധാനങ്ങൾ എല്ലാം ഉള്ള ആശുപത്രി കുഞ്ഞിരാമൻ ചെറുവത്തൂരിൽ പണിയുന്നത്.
കഴിഞ്ഞ മുപ്പത് വർഷത്തോളമായി സ്വന്തം നാട്ടിൽ ഒരു ആശുപത്രി പണിയണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുകയായിരുന്നു. ഇപ്പോൾ അത് യാഥാർഥ്യമാകുന്നുവെന്ന് കുഞ്ഞിരാമൻ സന്തോഷത്തോടെ പറയുന്നു. ആരോഗ്യ കേന്ദ്രങ്ങളില്ലാത്ത ചെറുവത്തൂർ പടിഞ്ഞാറ് ഭാഗത്താണ് പുതിയ ആശുപത്രി കെട്ടിടം പണികഴിപ്പിക്കുന്നത്. കെട്ടിടത്തിന്റെ പണികളെല്ലാം ഏകദേശം പൂർത്തിയായി. ഈ മാസത്തിൽ തന്നെ ആശുപത്രിയുടെ ഉദ്ഘാടനം ഉണ്ടാകുമെന്ന് കുഞ്ഞിരാമൻ പറഞ്ഞു. നാട്ടുകാർക്ക് പറ്റാവുന്ന രീതിയിൽ നല്ല ചികിത്സ നൽകണം. നല്ല ഡോക്ടർമാരെ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും കുഞ്ഞിരാമൻ കൂട്ടിച്ചേർത്തു. ആശുപത്രി പണിയണമെന്നുള്ള ആഗ്രഹം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ നല്ല പിന്തുണയാണ് ലഭിച്ചത്. നാട്ടുകാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണ ലഭിച്ചുവെന്നും കുഞ്ഞിരാമൻ പറഞ്ഞു.
ആധുനിക ലാബ്, സ്കാനിങ് സംവിധാനം, മെഡിക്കൽ സ്റ്റോർ എന്നിങ്ങനെയുള്ള സംവിധാനമെല്ലാം ഉൾക്കൊള്ളുന്നതാണ് കുഞ്ഞിരാമൻ പണിയുന്ന ആശുപത്രി കെട്ടിടം. രോഗിയായ അമ്മയേയും കൊണ്ട് ആശുപത്രികളിൽ കയറി ഇറങ്ങിയപ്പോഴെല്ലാം അവിടെ നിന്ന് മടക്കിയയ്ക്കുകയും മംഗലാപുരത്തേക്ക് കൊണ്ടു പോകേണ്ടി വരികയും ചെയ്തിരുന്നു. ഇത് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കി. കൂടാതെ കോവിഡ് കാലത്തും ഏറെ പ്രയാസം അനുഭവിക്കുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളാണ് ആശുപത്രി നിർമ്മിക്കണമെന്ന ആഗ്രഹത്തിലേക്കെത്തിച്ചത്. ഇനി സാധാരണക്കാരായ ആളുകൾക്ക് സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ ചികിത്സ മുടങ്ങില്ല. സാധാരണക്കാർക്ക് എല്ലാവിധ സഹായവും ചെയ്ത് കൊടുക്കും.
ഒരിക്കലും ലാഭം പ്രതീക്ഷിച്ചല്ല ആശുപത്രി നിർമ്മിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി മാത്രമാണ്. സ്വയം ശ്രമിച്ചാൽ എന്തും നടക്കും, എല്ലാം ശരിയാക്കാൻ സാധിക്കുകയും ചെയ്യുമെന്ന് ആത്മവിശ്വാസത്തോടെ കുഞ്ഞിരാമൻ പറഞ്ഞു. പണമില്ലാതെയും ചികിത്സ ലഭിക്കാതെയും ദുരനുഭവം നേരിടേണ്ടി വരുന്നവർക്ക് ഇനി ദുഃഖിക്കേണ്ടി വരില്ലെന്നും കുഞ്ഞിരാമൻ കൂട്ടിച്ചേർത്തു.