കേസിൽ മുന്‍ മന്ത്രി ഡോ. തോമസ് െഎസകിനെ ചോദ്യം ചെയ്യുന്നത് അടക്കമുളള ഇ.ഡിയുടെ തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു. രണ്ട് മാസത്തേക്ക് ജസ്‌റ്റിസ് വി.ജി അരുണാണ് നടപടികൾ സ്‌റ്റേ ചെയ്‌തത്. അതേസമയം ഇഡിക്ക് അന്വേഷണം തടരാമെന്നും കോടതി പറഞ്ഞു. കേസ് അടുത്തമാസം 15 ന് കോടതി വീണ്ടും പരിഗണിക്കും.
കേസിൽ റിസർവ് ബാങ്കിനെയും ഹൈക്കോടതി കക്ഷി ചേർത്തു. ഇ.ഡിയുടെ നോട്ടീസ് ചോദ്യം ചെയ്‌ത് മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കും കിഫ്‌ബിയും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഡോ. തോമസ് ഐസക്കിനെ സമൻസ് അയച്ചു വിളിച്ച് വരുത്തിയത് ഏത് സാഹചര്യത്തിലാണെന്ന് ഇ.ഡി വ്യക്തമാക്കണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
കേസില്‍ തോമസ് ഐസക്ക് പ്രതിയല്ലെന്നും സാക്ഷിയാണെന്നുമാണ് ഇ.ഡി കോടതിയിൽ മറുപടി നല്‍കിയത്. എന്നാല്‍ ഇ.ഡി നല്‍കിയ നോട്ടീസ് അവ്യക്തമാണെന്നും തന്നോട് ആവശ്യപ്പെട്ട രേഖകളൊക്കെ ഇപ്പോൾതന്നെ ഇ.ഡിയുടെ കൈവശമാണെന്നും തോമസ് െഎസക് ബോധിപ്പിച്ചു. കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്താണെന്നും നോട്ടീസിൽ വ്യക്തമല്ല. അന്വേഷണം ഇ.ഡിയുടെ അധികാര പരിധിക്ക് പുറത്താണെന്നും തോമസ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം കേസില്‍ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് ഡോ. തോമസ് ഐസക് പ്രതികരിച്ചു. രണ്ട് വർഷമായി കിഫ്ബിയ്ക്കെതിരേ അന്വേഷണം നടത്തിയിട്ടും എന്തെങ്കിലും കണ്ടെത്തിയതായി ഇ.ഡി കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും തോമസ് െഎസക് വ്യക്തമാക്കി. എന്തും ചെയ്യാമെന്ന അധികാരം ഒരു ഏജന്‍സിക്കും ഇന്ത്യന്‍ ഭരണഘടന നല്കുന്നില്ലെന്നും വിരട്ടല്‍ വിലപ്പോവില്ലെന്നും തോമസ് െഎസക് പ്രതികരിച്ചു.