സംസ്ഥാനത്ത് നാളെ വരെ അതിതീവ്രമഴയെന്ന് റവന്യു മന്ത്രി കെ രാജൻ മുന്നറിയിപ്പ് നൽകി. നാളെ വൈകിട്ട് വരെ തെക്കൻ, മധ്യ കേരളത്തിൽ അതിതീവ്ര മഴ പെയ്യാനാണ് സാധ്യത. വെള്ളിയാഴ്ച്ചക്ക് ശേഷം മഴ അല്പം ശമിക്കും. തീരദേശമേഖലയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം. മലയോര മേഖലയിൽ ഉള്ളവർ രാത്രികാല യാത്ര അത്യാവശ്യം ഇല്ലെങ്കിൽ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് മഴ ശക്തി പ്രാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. വയനാടും കാസർകോടും മാത്രമാണ് ഇന്ന് മുന്നറിയിപ്പുകൾ ഇല്ലാത്തത്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലത്തും പത്തനംതിട്ടയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.