സ്കൂളുകളിൽ കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഇടമാണ് ഗ്രൗണ്ട്. പുസ്തകങ്ങൾക്കുള്ളിലെ ലോകത്ത് നിന്നും ഇടവേളകിട്ടുമ്പോൾ അവർ ഓടിയെത്തുന്നത് കളികളിൽ ഏർപ്പെടാനായിരിക്കും. ഇവിടെ, ഹരിപ്പാട് ഹുദ ട്രസ്റ്റ് പബ്ലിക് സ്കൂളിലെ കുട്ടികളും അദ്ധ്യാപകരുമെല്ലാം വലിയ കാത്തിരിപ്പിലാണ്. പരീക്ഷയുടെ റിസൾട്ടിന് വേണ്ടിയല്ല, മറിച്ച് അപ്രതീക്ഷിതമായി തങ്ങളുടെ ഗ്രൗണ്ടിൽ എത്തിയ അതിഥികൾ വിരിയാനാണ്. കുട്ടികൾ കളിച്ചുമറിയുന്ന മൈതാനത്ത് ദേശാടനപക്ഷിയുടെ മുട്ടകൾ വിരിയുന്നതും കാത്ത് കാവലിരിക്കുകയാണവർ.
ഇത് മൂന്നാം തവണയാണ്സ്കൂൾ മൈതാനത്ത് ദേശാടനപക്ഷി മുട്ടയിടുന്നത്. ആദ്യ തവണ മധ്യവേനൽ അവധിയായതിനാൽ കുട്ടികളെകൊണ്ടുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, രണ്ടാംതവണ ഫുട്ബാൾ മത്സരത്തിന് സ്കൂൾ മൈതാനം വിട്ടുകൊടുത്തതിന് ശേഷമായിരുന്നു ദേശാടനപക്ഷി പറന്നിറങ്ങിയതും ഗ്രൗണ്ടിൽ മുട്ടയിട്ടതും. രണ്ടുതവണ പാളിപ്പോയ ദൗത്യം ഇത്തവണ വിജയപ്പിച്ചെടുക്കാനുള്ള വാശിയിൽ തുറസായി തന്നെ വലിയ മുട്ട കിടക്കട്ടെയെന്ന് പക്ഷിയങ്ങ് തീരുമാനിച്ചു. എന്നാൽ സ്‌കൂൾ അവധിയല്ലാത്തതിനാൽ അത് തലവേദനയായി മാറി.
എന്തായാലും മുട്ടകളെ സംരക്ഷിക്കാൻ പെടാപ്പാട്‌പെടുകയാണ് സ്കൂൾ അധികൃതർ. ആരെങ്കിലും അറിയാതെ പോലും മുട്ടകളിൽ തട്ടാതിരിക്കാൻ മുന്നറിയിപ്പെന്നപോലെ ഒരു കമ്പ് നാട്ടിയിട്ടുണ്ട്. മാത്രമല്ല, സ്കൂളിലേക്ക് കുട്ടികൾ വരുന്നതും പോകുന്നതുമായ സമയത്ത് മുട്ടകൾക്ക് ചുറ്റും ഒരു സംരക്ഷിത വലയം തീർക്കാൻ മുതിർന്ന വിദ്യാർത്ഥികളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ സുരക്ഷ, തള്ളപ്പക്ഷിയുടെ നിരീക്ഷണവും മുട്ടകൾക്കുണ്ട്.
ഈ ‘വിഐപി’ കളുടെ വരവോടെ മൈതാനത്തിലെ കളികളെല്ലാം ഒരാഴ്ചയിലേറെയായി നിർത്തിവച്ചിരിക്കുകയാണ്. ഇനി മുട്ടവിരിഞ്ഞിട്ടേ ഇവിടം കളിക്കളമാവുകയുള്ളൂ. മുട്ട വിരിയാൻ രണ്ടാഴ്ചയിലേറെ സമയമെടുക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. എന്തായാലും കുട്ടികളും അദ്ധ്യാപകരുമെല്ലാം വലിയ ആകാംക്ഷയിലാണ്. ഇതിലൂടെ പരിസ്ഥിതി സ്നേഹം കൂടിയാണ് കുട്ടികൾക്ക് പകർന്നു നൽകുന്നതെന്ന് സ്കൂൾ പ്രിൻസിപ്പാൾ സുമിന സുബിൻ അഭിമാനത്തോടെ പറയുന്നു.