സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ നയങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും ഇതുവഴി ലഭിക്കുന്ന ഒരു പരാതി പോലും നേരിട്ട് പരിഹരിക്കുന്നില്ലെന്നും വിമർശിച്ചു. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവർണർ.
‘സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ നയമാണ്. ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മറുഭാഗത്ത് വലിയ രീതിയിൽ ആഘോഷങ്ങൾ നടത്തുന്നതും ലക്ഷങ്ങൾ ചെലവഴിച്ച് സ്വിമ്മിങ് പൂളടക്കം നവീകരിക്കുന്നതും നാം കണ്ടതാണ്. 35 വർഷത്തോളം സേവനം ചെയ്‌തവർക്ക് പെൻഷൻ നൽകാൻ പണമില്ല. രണ്ട് വർഷം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫായിരുന്നവർക്ക് പെൻഷൻ നൽകുന്നു’ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസിലാകുന്നില്ല. പരാതി സ്വീകരിക്കാൻ മാത്രമാണ് യാത്ര. മൂന്നര ലക്ഷത്തിലധികം പരാതികൾ കിട്ടിയെന്ന് സർക്കാർ പറയുന്നു. ഇതിൽ ഒരു പരാതി പോലും നേരിട്ട് പരിഹരിക്കുന്നില്ല. ഇതെല്ലാം കലക്‌ടറേറ്റുകളിലോ മറ്റ് സർക്കാർ ഓഫീസുകളിലോ സ്വീകരിക്കാവുന്ന പരാതികളല്ലേ? കേരളം മികച്ച സംസ്ഥാനമാണ്. കേരളത്തിന്റെ അഭിവൃദ്ധി ലോട്ടറിയിലൂടെയും മദ്യവിൽപനയിലൂടെയും ഉണ്ടായതല്ല. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന അവിടുത്തെ പ്രവാസികളുടെ സംഭാവനയാണ്. അതാണ് കേരളത്തിന്റെ ശക്തി’ എന്നും ഗവർണർ കൂട്ടിച്ചേർത്തു.