കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 1.15 കോടി രൂപയുടെ സ്വർണ്ണമാണ് പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ എളേറ്റിൽ പുളുക്കിപൊയിൽ ഷറഫുദ്ദീൻ(44), ഭാര്യ ഷമീന(37) എന്നിവരാണ് പിടിയിലായത്.
ശരീരത്തിനകത്തും അടിവസ്ത്രത്തിലുമായാണ് ദമ്പതികൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. രാത്രി 8 മണിയോടെ ദുബായിൽ നിന്നാണ് സ്വർണ്ണവുമായി ഇവർ കരിപ്പൂരിൽ എത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഷറഫുദീന്റെ പക്കൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 950 ഗ്രാമിന്റെ നാല് ക്യാപ്സ്യൂളും ഷമീന അടിവസ്ത്രത്തിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1198 ഗ്രാം സ്വർണ മിശ്രിതവുമാണ് കസ്റ്റംസ് കണ്ടെത്തിയത്.
സ്വർണ്ണക്കടത്തിന് കള്ളക്കടത്തു സംഘം 80000 രൂപയാണ് പ്രതിഫലമായി ദമ്പതികൾക്ക് വാഗ്ദാനം ചെയ്തിരുന്നതെന്ന് ഇവർ കസ്റ്റംസിനോട് സമ്മതിച്ചു. കുടുംബസമേതമെത്തുന്ന യാത്രക്കാർക്കുള്ള പരിഗണന മുതലാക്കിയാണ് ഇവർ സ്വർണ്ണം കടത്തിയതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. പിടിയിലായ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.