ഗോ ഫസ്റ്റ് എയർവേയ്സ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം വൈകിപ്പിച്ചതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വലിയ പ്രതിസന്ധിയിലായി. കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രതിമാസം 240 സര്‍വീസുകൾ നടത്തുന്ന ഗോ ഫസ്റ്റിന്റെ സര്‍വീസ് താത്കാലികമായി നിർത്താനുള്ള തീരുമാനം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികളെയടക്കം നിരവധി പേരെയാണ് ബാധിച്ചിരിക്കുന്നത്. ഇപ്പോൾ ആഭ്യന്തര സർവീസിനായി ഇൻഡിഗോ എയർവേയ്സിനെയാണ് ആശ്രയിക്കുന്നത്. രാജ്യാന്തര യാത്രയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസും ഉണ്ട്.
ഈ മാസം മൂന്നാം തീയതിയാണ് ഗോ ഫസ്റ്റ് വിമാനങ്ങള്‍ സർവീസുകൾ നിര്‍ത്തി വച്ചത്. പലതവണ നീട്ടിവയ്ക്കുകയും ഒടുവില്‍ ഈ വെള്ളിയാഴ്ച സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തീയതിയുടെ കാര്യത്തില്‍ സംശയമുണ്ടെന്നും സർവീസുകൾ എന്ന് തുടങ്ങുമെന്ന് ഉറപ്പ് പറയാനാകില്ലെന്നും വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടിസിന് നൽകിയ മറുപടിയിൽ ഗോ ഫസ്റ്റ് വ്യക്തമാക്കി.
അതേസമയം അമേരിക്കൻ വിമാന എൻജിൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയെയാണ് ഗോ ഫസ്റ്റ് പഴി ചാരുന്നത്. സാങ്കേതിക തകരാറുള്ള എൻജിൻ നൽകിയതിനാലാണ് വിമാനങ്ങൾക്ക് സർവീസുകൾ നിർത്തേണ്ടി വന്നതെന്നാണ് ഗോ ഫസ്റ്റിന്റെ വാദം. എന്നാൽ ഏഴായിരത്തോളം ജീവനക്കാരുള്ള രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനകമ്പനിയായ ഗോ ഫസ്റ്റിനെ നിലവില്‍ പാപ്പരായി പ്രഖ്യാപിച്ചിരിക്കുകയാണ്.