കൈതോലപ്പായ ആരോപണത്തിന് പിന്നാലെ സിപിഎമ്മിനെതിരെ പുതിയ ആരോപണവുമായി ജി.ശക്തിധരൻ. കെപിസിസി അധ്യക്ഷൻ കെ. സുധാകരന് നേരെ വധശ്രമമുണ്ടായെന്ന ആരോപണമാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ ഉന്നയിക്കുന്നത്.
‘എന്റെ കാളരാത്രികൾ തുടങ്ങിയിട്ടേയുള്ളു’ എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ എനിക്ക് ആരാണ് കെ.സുധാകരൻ എന്ന് തുടങ്ങുന്ന ഭാഗത്താണ് പുതിയ ആരോപണം. ‘വാടകക്കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ. കൊല്ലാനയച്ചവരിൽ ഒരു അഞ്ചാം പത്തി ഉണ്ടായിരുന്നു എന്നതല്ലേ സത്യം’ എന്നും ശക്തിധരൻ പറയുന്നു. വിവരം ചോർന്നതോടെ സുധാകരൻ രക്ഷപ്പെട്ടു എന്ന സൂചനയാണ് പോസ്റ്റിൽ ജി.ശക്തിധരൻ നൽകിയിരിക്കുന്നത്.
‘സുധാകരനെ എങ്ങനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടയാൾ തന്നെയാണ് സുധാകരനെന്ന ചിന്ത കമ്മ്യൂണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമത്ത സമൂഹത്തെ സൃഷ്ടിക്കുന്നതിലെ വിജയം. കേരള ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെ ആണ് ഞാനിപ്പോൾ പിന്തുണക്കുന്നത് എന്ന യാഥാർത്ഥ്യം എനിക്ക് സ്വയം വിമർശനപരമായി പരിശോധിച്ച് തീരുമാനമെടുക്കാൻ കഴിയുന്നില്ല’ എന്നും ശക്തിധരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കുറിപ്പ് വിവാദമായതോടെ ജി.ശക്തിധരന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രംഗത്തെത്തി. സിപിഎം തന്നെ ഒരുപാട് തവണ വധിക്കാൻ നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇത് വെളിപ്പെടുത്തിയ ശക്തിധരനോട് നന്ദിയുണ്ട്. പക്ഷെ, ഈ സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. കൈതോലപ്പായ ആരോപണം തള്ളിക്കളഞ്ഞ സിപിഎം അതിലും ഗുരുതരമായ ഈ ആരോപണത്തെ എങ്ങനെ സമീപിക്കുമെന്ന് കണ്ടറിയുകതന്നെ വേണം.