ഇനി മീൻ കൂട്ടി ചോറ് കഴിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുകയാണ്. ട്രോളിങ് നിരോധനം ആരംഭിച്ചപ്പോൾ മത്തി ഉൾപ്പെടെയുള്ള പല മത്സ്യങ്ങളുടെയും വില ക്രമാതീതമായി ഉയരുകയാണ്. അതിൽ സാധാരണക്കാരുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ മത്തിയുടെ വില കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. ഇപ്പോൾ 400ന് അടുത്തെത്തിയിരിക്കുകയാണ് മത്തിയുടെ വില.
ട്രോളിങ് നിരോധനത്തിനൊപ്പം മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. 52 ദിവസത്തേക്കാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്ത മാസം 31ന് മാത്രമേ നിരോധനം അവസാനിക്കൂ. അതിനാൽ വരും ദിവസങ്ങളിൽ ഇനിയും വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് ട്രോളിങ് നിരോധന സമയത്ത് മത്സ്യബന്ധത്തിന് അനുമതിയുള്ളത്. മാത്രമല്ല ഒഴുക്കുവല, പഴ്സീൻ നെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ഈ കാലയളവിൽ നിരോധിച്ചിട്ടുണ്ട്. ഈ മാസം 9 മുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്.