രാജ്യത്തെ ആദ്യ കുരങ്ങു വസൂരി മരണമാണ് തൃശൂർ കുരഞ്ഞിയൂർ സ്വദേശിയായ യുവാവിൻ്റെത്. മരണകാരണം കുരങ്ങുവസൂരി തന്നെയെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിൾ പൂനെയിലേക്കയച്ചത്.
യുവാവ് യാത്ര ചെയ്ത വിമാനത്തില്‍ ആരുമായും അടുത്ത സമ്പര്‍ക്കമില്ലെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ 20 പേരാണുള്ളത്. യുവാവിന്റെ മരണകാരണം കുരങ്ങുവസൂരി തന്നെയെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആദ്യ കേസ് കേരളത്തില്‍ തിരിച്ചറിഞ്ഞത് ഇവിടുത്തെ ആരോഗ്യ സംവിധാനത്തിന്റെ മികവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവരില്‍ കുരങ്ങ് വസൂരി ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ചികിത്സ തേടണം. കുരങ്ങു വസൂരിക്ക് മരണനിരക്ക് കുറവാണെങ്കിലും അലംഭാവം പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുരങ്ങുവസൂരി സ്ഥിരീകരിച്ചയാൾ മരിച്ച സാഹചര്യത്തിൽ തൃശൂരിലെ പുന്നയൂര്‍ പഞ്ചായത്ത് കനത്ത ജാഗ്രതയിലാണ്. നാളെ പുന്നയൂര്‍ പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ നടക്കുന്ന പ്രതിരോധ ക്യാമ്പയിനിൽ മെഡിക്കല്‍ സംഘം വീടുകളിലെത്തി നേരിട്ട് ബോധവല്‍ക്കരണം നടത്തും.
അന്തരിച്ച യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരും നീരീക്ഷണത്തിലാണുള്ളത്. യുവാവിന്റെ റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉള്‍പ്പെട്ടിരുന്നു. ഫുട്‌ബോള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീണതോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.