യുവ നടന്‍ നസ്‌ലെൻ്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമൻ്റിട്ടെന്ന് പരാതി. വ്യാജ ഐഡി ആണെന്ന പരാതിയിൽ നിർണായക കണ്ടെത്തൽ ഉണ്ടായിരിക്കുന്നു. വ്യാജ ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമൻ്റിട്ടത് യുഎഇയില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. വ്യാജ അക്കൗണ്ട് ഫെയ്സ്ബുക്ക് നീക്കം ചെയ്തു.
വ്യാജ പ്രൊഫൈലിനെതിരെ നസ്ലെൻ കാക്കനാട് സൈബര്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. തൻ്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയെന്നായിരുന്നു നസ്‌ലെൻ്റെ പരാതി. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ട വാര്‍ത്തയുടെ താഴെയാണ് നസ്‌ലെനെന്ന വ്യാജേന കമന്‍റ് ഇട്ടത്.
സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി നസ്‌ലെന്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. സുഹൃത്തുക്കള്‍ സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നും നസ്‌ലെന്‍ പറഞ്ഞിരുന്നു. ആരോ ചെയ്ത കുറ്റത്തിന് താനാണ് പഴി കേള്‍ക്കുന്നതെന്നും ഇത് ഏറെ വിഷമമുണ്ടാക്കിയെന്നും നസ്‌ലെന്‍ പറഞ്ഞു.