കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവുമെന്നും ഒരു പരാതിയുമില്ലാതെ ഭരിക്കാൻ പറ്റുമോ എന്നും സംവിധായകൻ ലാൽ ജോസ്. ചേലക്കരയിൽ ഇനിയും വികസനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാഷ്ട്രീയമിവല്ലാത്ത ഒരു സിനിമയുമില്ല. സമൂഹത്തെ പ്രതിനിധീകരിക്കുന്ന എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ടാകും. എൻ്റെ എല്ലാ സിനിമകളിലും എന്റെ രാഷ്ട്രീയമുണ്ട്. കേരളത്തിൽ ഭരണവിരുദ്ധവികാരമുണ്ടോ എന്ന് വ്യക്തമായി പറയാൻ പറ്റില്ല. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ കൂടും. കൂടുതൽ കാലം നിൽക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാകും. ആര് ഭരിച്ചാലും എല്ലാ കാലത്തും എപ്പോഴും ഒരു പരാതിയുമില്ലാതെ ഭരിക്കാൻ പറ്റുമോ? ആർക്കെങ്കിലും കുറച്ചുപേർക്ക് പരാതിയുണ്ടാകും’ എന്നാണ് ലാൽ ജോസ് പറഞ്ഞത്.
നിലവിലെ ഭരണത്തിൽ സംതൃപ്‌തനാണോ എന്ന ചോദ്യത്തിന് തനിക്ക് ആരും ഉപദ്രവമൊന്നും ചെയ്‌തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം അനാവശ്യ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്നും ലാൽ ജോസ് വ്യക്തമാക്കി.