പത്ത് മക്കളുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നൽകിയ സ്നേഹം തിരിച്ചു നൽകാനും അവശതകളിൽ കൈത്താങ്ങാകാനും ഒരു നേരത്തെ ഭക്ഷണം നൽകാനും അവരാരും എത്തിയില്ല. ഒടുവിൽ പരിചരണം ലഭിക്കാതെ അമ്മ വിടവാങ്ങി. ഒന്ന് എഴുന്നേറ്റ് പോലും നടക്കാൻ വയ്യാത്ത അവസ്ഥയിൽ ക്ഷീണിതനാണ് അച്ഛൻ. എന്നിട്ടും മക്കളിൽ ഒരാൾ പോലും തിരിഞ്ഞു നോക്കാത്തതിനാൽ വിധിയെ പഴിച്ച് ആ അച്ഛൻ ജീവിതം തള്ളിനീക്കുകയാണ്. എത്രകാലമെന്ന് അറിയാതെ..
ആലപ്പുഴ തലവടി കിഴക്ക് സൃഷ്‌ടി റോഡ് ഇളങ്ങുമഠം ഭാഗത്തെ പടിഞ്ഞാറെ വീട്ടിൽ കമലാസനാണ് (75) ദുരിത ജീവിതം നയിക്കുന്നത്. ഇദ്ദേഹത്തിൻ്റെ ഭാര്യ ഷേർലി വ്യാഴാഴ്‌ചയാണ് മരിച്ചത്. വ്യാഴാഴ്‌ച ഇരുവരും വാതിൽ തുറക്കാത്തതിനാൽ അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ് ഇരുവരെയും കട്ടിലിൽ നിന്ന് വീണനിലയിൽ കണ്ടെത്തിയത്. അപ്പോഴേയ്ക്കും ഷേർലി മരിക്കുകയും ചെയ്തിരുന്നു. ഷേർലിയുടെ സംസ്കാരത്തിന് മക്കളെത്തിയെങ്കിലും കമലാസനനെ കൂട്ടിക്കൊണ്ടുപോകാൻ ആരും തയ്യാറായില്ല.
ഷേർലിയുടെയും കമലാസനന്റെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ കമലാസനന് ആറും ഷേർലിക്ക് നാലും മക്കളുണ്ട്. സ്വന്തമായി വീടുണ്ടായിരുന്ന കമലാസനനെ സ്വന്തം മക്കൾ തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. അന്ന് മുതൽ ഇരുവരും വാടക വീട്ടിലാണ് അന്തിയുറങ്ങുന്നത്. വാർധക്യ സഹജമായ അസുഖങ്ങളേത്തുടർന്ന് ജോലിക്ക് പോകാൻ സാധിക്കാതിരുന്ന ഇരുവർക്കും ആകെയുള്ള ആശ്വാസം പെൻഷനായിരുന്നു. എന്നാൽ ആറ് മാസമായി പെൻഷൻ മുടങ്ങിക്കിടന്നതോടെ വരുമാനവും നിലച്ചു. ഇതിനിടെ പെൻഷൻ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണമെന്ന നിർദേശം വന്നെങ്കിലും അവശതകളെത്തുടർന്ന് ഇരുവർക്കും അതിന് സാധിച്ചുമില്ല. അതിനാൽ ഇനി പെൻഷൻ കിട്ടുമോ എന്ന കാര്യം പോലും സംശയമാണ്.
ഇതോടെ സമീപവാസിയും വ്യവസായിയുമായ ഹാരിസ് രാജയും ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ കെ.കെ. ജയമ്മയെയും വാർഡ് കൗൺസിലർ ജി. രേഖയെയും സ്ഥലത്തെത്തുകയും കമലാസനനെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കുകയും ചെയ്തു.