ദുബായ് ദേരയിലുണ്ടായ തീപിടിത്ത അപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം കരിപ്പൂർ വിമാനത്താവളം വഴി വേങ്ങരയിലെ വീട്ടിലെത്തിച്ചു.
കഴിഞ്ഞ ദിവസമാണ് ദേരയിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചത്. പ്രവാസി ദമ്പതികളായ മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരായിരുന്നു അപകടത്തിൽ മരിച്ച മലയാളികൾ. റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് ഇവരുടെ മരണ കാരണമായത്. മരിച്ച 16 പേരിൽ 12 പേരെയാണ് തിരിച്ചറിഞ്ഞത്. രണ്ട് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാരെയും നാല് സുഡാൻ പൗരന്മാരെയും, മൂന്ന് പാകിസ്ഥാൻ പൗരന്മാരെയും ഒരു കാമറൂൺ സ്വദേശിയെയുമാണ് തിരിച്ചറിഞ്ഞത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.35ഓടെ ദേര ഫിർജ് മുറാറിലെ തലാൽ ബിൽഡിങിലാണ് തീപിടിച്ചത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയിൽ തീ പടരുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഒൻപത് പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു. മരിച്ച റിജേഷ് ദുബൈയിൽ ട്രാവൽസ് ജീവനക്കാരനായിരുന്നു. ജിഷി ഖിസൈസ് ക്രസന്റ് സ്കൂൾ അധ്യാപികയും.