ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ശിവശങ്കറിന്റെ റിമാൻഡ് കോടതി ഓഗസ്റ്റ് അഞ്ചുവരെ നീട്ടി. ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്.
യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണ് സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയത് എന്നായിരുന്നു ഇഡി ചുമത്തിയ കേസ്. കൂടാതെ ശിവശങ്കറിന് കോഴയായി പണം നൽകിയെന്നും ഈ പണമാണ് സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽ നിന്ന് കണ്ടെത്തിയത് എന്നുമാണ് ആരോപണം.
അതേസമയം സരിത്തിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചയ്ക്കു ശേഷമായിരിക്കും കോടതി തീരുമാനം എടുക്കുക. എന്നാൽ സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്യാത്തതിൽ ഇഡിക്കെതിരെ കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. മാത്രമല്ല ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണ് എന്നും കോടതി ചോദിച്ചു.