വാട്സ്സാപ്പിലൂടെ തേൻകെണിയൊരുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികളെ പൊലീസ് പിടികൂടി. തൃശൂരിലെ 63കാരനായ വ്യാപാരിക്കാണ് പണം നഷ്ടമായത്. ബാങ്ക് അക്കൌണ്ടിലെ വിവരങ്ങളും സൈബർ തെളിവുകളും പിൻതുടർന്നാണ് പൊലീസ് തട്ടിപ്പുകാരായ ഭാര്യയേയും ഭർത്താവിനേയും പിടികൂടിയത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെമി (ഫാബി -38), ഭർത്താവ് പെരിനാട് മുണ്ടക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2020ല്‍ വാട്സാപ്പിലൂടെയാണ് വ്യാപാരിയും ഷെമിയും പരിചയപ്പെടുന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ വ്യാപാരിയുമായി അടുത്തത്.
തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസിനും മറ്റാവശ്യങ്ങള്‍ക്കുമായി പണം കടം വാങ്ങി. പിന്നീട് ലൈംഗികച്ചുവയുള്ള ചാറ്റുകളും വീഡിയോ കോളുകളും നടത്തി വ്യാപാരിയെ ബ്ലാക്മെയിൽ ചെയ്യുകയായിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ ഭാര്യയുടെയും ഭാര്യാമാതാവിൻ്റേയും പേരിലുള്ള സ്ഥിരനിക്ഷേപം പിൻവലിച്ച് വ്യാപാരി പണം നൽകി. രണ്ടരക്കോടി രൂപ കൈമാറിയിട്ടും ഭീഷണി തുടർന്നതോടെ വ്യാപാരിയും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്നുളള അന്വേഷണത്തിൽ കൊല്ലം അഷ്ടമുടിമുക്കില്‍ ആഡംബര ജീവിതം നയിക്കുന്ന ദമ്പതികളാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മുങ്ങിയ പ്രതികളെ അങ്കമാലിയിൽനിന്നാണ് പിടികൂടിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ വാങ്ങിയ 82 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ച് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.