കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു. കോലഞ്ചേരിക്ക് സമീപം പാങ്കോടാണ് കാർ കിണറ്റിലേക്ക് വീണത്. ഇന്നലെ രാത്രി 9.20ഓടെയാണ് 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാർ വീണത്. അപകടത്തിൽ കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന ദമ്പതികൾ അത്ഭുതകമായി രക്ഷപ്പെട്ടു.
ആലുവ കൊമ്പാറ സ്വദേശികളുമായ കാർത്തിക് എം.അനിൽ (27), വിസ്മയ (26) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറിൻ്റെ സംരക്ഷണ ഭിത്തി തകർത്ത് ഉള്ളിലേക്ക് വീഴുകയായിരുന്നു. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു.
അപകടം നടന്നയുടൻ നാട്ടുകാരും പട്ടിമറ്റം അഗ്നിരക്ഷാ നിലയം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ദമ്പതികളെ പുറത്തെടുത്തു. അപകടം നടന്നതിന് പിന്നാലെ ദമ്പതികൾക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായെന്ന് അധികൃതർ പറഞ്ഞു. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.