കേരളത്തെ പൂർണമായും അതിദാരിദ്ര്യ മുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2025 നവംബര്‍ ഒന്നിന് ഈ ലക്ഷ്യം കൈവരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്വന്ഷന് സെന്ററില്‍ നടന്ന എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളില്‍ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് അ വലോകന യോഗത്തിനു ശേഷം വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ നീക്കത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഈ നേട്ടം കൂടുതല്‍ മെച്ചപ്പെടുത്താനാണ് മാലിന്യമുക്ത നവകേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ചാരികള്‍ക്ക് നല്ല രീതിയില്‍ കേരളം കണ്ട് മടങ്ങുന്നതിനുള്ള അവസരം സൃഷ്ടിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതിന് വേണ്ടി സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹരിത കേരളം മിഷന്, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലും കേരളം മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. അതേസമയം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മനസോടിത്തിരി മണ്ണ് ക്യാംപയ്ന് കൂടുതല്‍ സജീവമാക്കേണ്ടത് അത്യാവശ്യമാണ്. ജനങ്ങള്‍ സ്വമനസാലേ തരുന്ന മണ്ണ് ആണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് കൂടുതല്‍ പേരെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആയിരിക്കണം ഇതു നിര്‍വഹിക്കേണ്ടത്. ഇതുവഴി കുറച്ചുകൂടി ഭൂമി ലഭ്യമാക്കണം. ഭൂമി ഇല്ലാത്തതുകൊണ്ട് വീട് നിര്‍മ്മിക്കാന്‍ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. ലഭിക്കുന്ന ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.