പുതുപ്പള്ളിയില്‍ മൃഗാശുപത്രിയിൽ താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പി ഒ സതിയമ്മയ്ക്കെതിരെ ആള്‍മാറാട്ടത്തിന് പോലീസ് കേസെടുത്തു. യഥാർത്ഥത്തിൽ ആ ജോലി കിട്ടേണ്ടിയിരുന്ന ലിജിമോളുടെ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് സതിയമ്മ ജോലി നേടിയെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്കാണ് ലിജിമോള്‍ പരാതി നല്‍കിയത്. ബാങ്ക് അക്കൗണ്ട് വ്യാജമെന്നും ലിജിമോള്‍ ആരോപിച്ചു. മൃഗാശുപത്രിയില്‍ ജോലിയുണ്ടായിരുന്ന കാര്യം അറിയുന്നത് സോഷ്യല്‍ മീഡിയ വഴിയാണെന്നും ലിജിമോള്‍ പറഞ്ഞു.
എന്നാൽ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിനാണ് പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താല്‍ക്കാലിക ജീവനക്കാരി പി.ഒ സതിയമ്മയെ പിരിച്ചുവിട്ടത് എന്നായിരുന്നു ആരോപണം. വിവാദം കത്തി പടരുന്നതിനിടെ പ്രതികരണവുമായി കെ.സി ലിജി മോള് തന്നെ രംഗത്തെത്തി. അതേസമയം തന്റെ ജോലി മറ്റൊരാള്‍ ചെയ്തത് അറിഞ്ഞില്ല എന്നായിരുന്നു ലിജിമോളുടെ പ്രതികരണം. കൂടാതെ മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ല എന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള് അറിയിച്ചു.