മഅദനിയുടെ രോഗവിവരം അന്വേഷിച്ച മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പിഡിപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കൊച്ചി കടവന്ത്ര പൊലീസ് കേസെടുത്തത്. തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയച്ചതോടെ മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകുകയായിരുന്നു. അബ്ദുൽ നാസർ മദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയത് നിസാർ മേത്തറിനെയാണ്.
സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് മാധ്യമപ്രവർത്തക നിസാർ മേത്തറുമായി ബന്ധപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഇയാള്‍ ലൈംഗിക ചുവയുള്ള സന്ദേശം അയച്ച് തുടങ്ങിയത്. താക്കീത് നല്‍കിയെങ്കിലും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടർന്നതിനാലാണ് പരാതി നൽകിയത്.