സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പരാതി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനേത്തുടർന്നാണ് കേസിലെ ആറാം പ്രതിയായ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.
ഇതുസംബന്ധിച്ച് കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം, മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരും. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിവിൻ പോളി ഉൾപ്പടെ ആറ് പേരുടെ പേരിലാണ് ഊന്നുകൽ പോലീസ് കേസെടുത്തത്.
ദുബായിയിൽ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. യുവതിയെ ദുബായിൽ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിൻ പോളിയുടെ സുഹൃത്ത് തൃശ്ശൂർ സ്വദേശി സുനിൽ, ബഷീർ, കുട്ടൻ, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികൾ.