കോട്ടയത്ത് ഒരു ബേക്കറിയിൽ ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് ഒരാൾ ഉടമയുടെ കൈ അടിച്ചൊടിച്ചു. ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിന് കടയിലെത്തിയ വയോധികനു നേരെയും ആക്രമണം ഉണ്ടായി.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. അഞ്ചു മണിക്ക് വൈക്കം താലൂക്ക് ആശുപത്രിയ്ക്കടുത്തുള്ള ചായക്കടയിൽ 6 പേർ ചായ കുടിക്കാനെത്തിയതിന് പിന്നാലെയാണ് സംഭവം. ഇവർക്ക് കിട്ടിയ ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് കടയുടമയായ ശിവകുമാർ, ഭാര്യ കവിത, മക്കളായ കാശിനാഥൻ, സിദ്ധി വിനായക് എന്നിവരെ യുവാക്കൾ ആക്രമിക്കുകയായിരുന്നു.
കടയിൽ നിന്ന് ചായ കുടിക്കാൻ ആ സമയം അവിടേക്കെത്തിയ വേലായുധൻ എന്ന 95 വയസുള്ള വയോധികനെ ചൂടില്ലാത്ത ചായ കുടിച്ചുവെന്ന് ആരോപിച്ച് ഇവർ ആക്രമിച്ചു. വേലായുധന്റെ ഇടുപ്പെല്ലിന് പരിക്കുണ്ട്. ആക്രമണം നടത്തിയത് മറവൻതുരുത്ത് സ്വദേശികളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.