മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിൻ്റെ സംസ്കാരം ഇന്ന്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ രാവിലെ 9 മണിയോടെ ഖബറടക്കുക.
വാർധക്യ സാഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിക്കെയാണ് ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആര്യാടൻ മൂഹമ്മദെന്ന നിലമ്പൂരിൻ്റെ സ്വന്തം ‘കുഞ്ഞാക്ക’ വിടപറഞ്ഞത്. പിന്നീട് നിലമ്പൂരിലെ വീട്ടിലും, മലപ്പുറം ഡിസിസി ഓഫീസിലുമായി നടന്ന പൊതുദർശനത്തിൽ നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിന് പേർ അന്തിമോപചാരമർപ്പിച്ചു.
രാഹുൽ ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ഇന്നലെ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.