ഇടുക്കി കട്ടപ്പനയിൽ ഹൃദയാഘാതമുണ്ടായ 17കാരിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് കുതിച്ചുപാഞ്ഞു. അടിയന്തിര ചികിത്സയ്ക്കായി കട്ടപ്പനയിൽ നിന്ന് പെൺകുട്ടിയുമായി വന്ന ആംബുലൻസ് 2 മണിക്കൂർ 40 മിനിറ്റിലാണ് കൊച്ചിയിലെത്തിയത്. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്നാണ് ആംബുലൻസ് എറണാകുളം അമൃത ആശുപത്രിയിലേക്ക് കുതിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്റെ ഫെയ്സ്ബുക്കിലെ അഭ്യർത്ഥന കണ്ട നിരവധി പേർ ആംബുലൻസിന് വഴിയൊരുക്കാൻ കൈകോർത്തു.
ഇന്ന് രാവിലെ കട്ടപ്പന പള്ളിയിൽ കുർബാനയ്ക്കിടെയാണ് പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. ഉടൻ കുട്ടിയെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശത്തിൽ ചികിത്സ നടത്തുകയും പിന്നീട് ആംബുലൻസിൽ കൊച്ചി അമൃത ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.
കട്ടപ്പനയിൽനിന്ന് പുറപ്പെട്ട ആംബുലൻസ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴിയാണ് അമൃത ആശുപത്രിയിൽ എത്തിയത്. കെഎൽ 06 എച്ച് 9844 നമ്പരിലുള്ള കട്ടപ്പന സർവീസ് ബാങ്ക് ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കട്ടപ്പന മുതൽ കൊച്ചി ഇടപ്പള്ളി വരെ ട്രാഫിക് മുന്നറിയിപ്പുമായി പൊലീസും ദൗത്യത്തിന്റെ ഭാഗമായി. മന്ത്രി റോഷി അഗസ്റ്റിനും ആംബുലൻസിനെ അനുഗമിച്ചിരുന്നു
കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ആംബുലൻസ് കാഞ്ഞാറിൽ വെച്ച് ഗതാഗതക്കുരുക്കിൽ പെട്ടിരുന്നെങ്കിലും അതിവേഗം ഗതാഗതം സുഗമമാക്കി. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അടക്കം നിരവധിപേരാണ് റോഡിലിറങ്ങി ആംബുലൻസിന് വഴിയൊരുക്കിയത്. സാധാരണഗതിയിൽ 3 മണിക്കൂർ 56 മിനിറ്റാണ് ഈ യാത്രക്ക് വേണ്ടിവരുന്നത്.