കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിൻ്റെയും ധന്യ രാഘേഷിൻ്റെയും മകൾ ദക്ഷിണ (13)യാണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ അപൂർവ്വമായ അമീബിക് മസ്തിഷ്ക ജ്വരം
സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണം.
തലവേദനയും ഛർദ്ദിയും ബാധിച്ചതിനേത്തുടർന്ന് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലിൽ നിന്നുള്ള നീരിൻ്റെ പരിശോധനയിൽ അമീബിക് ട്രോഫോ സോയിഡ്‌സ് കാണപ്പെടുകയും തുടർന്ന് അമീബിക് മെനിൻഞ്ചോ എൻസെഫലൈറ്റസിനുള്ള ആറ് മരുന്നുകൾ കുട്ടിക്ക് നൽകുകയും ചെയ്‌തിരുന്നു.
എന്നാൽ ഇത് മുൻപ് റിപ്പോർട്ട് ചെയ്ത അമീബിക് മെനിഞ്ചൈറ്റിസിൽ നിന്ന് വ്യത്യസ്‌തമായതിനാൽ അമീബിക് സ്പീഷീസ് ഏതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടത്തിയിരുന്നു. വെർമമീബ വെർമിഫോമിസ് എന്ന അപൂർവ അമീബയുടെ സാന്നിധ്യമാണ് ഈ പരിശോധനയിൽ കണ്ടെത്തിയത്. ഈ കേസ് ലോകത്തുതന്നെ അപൂർവ്വമായതിനാൽ രോഗാണുവിൻ്റെ ഇൻക്യൂബേഷൻ പിരീഡ് ഉൾപ്പടെയുളള കാര്യങ്ങൾ കണ്ടെത്താൻ വിദഗ്ധപഠനം ആവശ്യമാണെന്നും ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു.
സ്‌കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സാധാരണ അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് ദിവസം കൊണ്ട് രോഗലക്ഷണങ്ങൾ കാണുകയും വളരെ പെട്ടെന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവെങ്കിലും, ദക്ഷിണയ്ക്ക് പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ജനുവരി 28-ന് യാത്രപോയ കുട്ടിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്.