കടം പറഞ്ഞ 100 രൂപ ഓട്ടോക്കൂലി 30 വർഷങ്ങൾക്ക് ശേഷം നൂറിരട്ടിയായി തിരിച്ചുനൽകി. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ വല്യത്തുട്ടേൽ ബാബുവിനെ തേടിയാണ് ഈ സ്നേഹസമ്മാനമെത്തിയത്. കഴിഞ്ഞ ദിവസം എസ്.ആർ. അജിത്ത് എന്നയാൾ ബാബുവിന്റെ വീട്ടിലെത്തിയതോടെയാണ് വർഷങ്ങൾക്ക് മുമ്പുള്ള കടത്തിന്റെ കഥ ബാബു ഓർത്തെടുക്കുന്നത്.
1993ൽ ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്ത്. തിരികെ പോകാൻ മൂവാറ്റുപുഴയിലേക്ക് ബസ് കിട്ടിയുമില്ല. കയ്യിലാണെങ്കിൽ ബസ് കൂലി മാത്രമേ ഉണ്ടായിരുന്നുമുള്ളു. അങ്ങനെ മൂവാറ്റുപുഴ – പട്ടിമറ്റം പാതയിലെ മംഗലത്തുനടയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് ബാബുവിന്റെ ഓട്ടോയിൽ അജിത്ത് കയറുകയും തുടർന്ന് മൂവാറ്റുപുഴയിലെത്തിയപ്പോൾ പണമില്ലാത്തതിനാൽ കടം പറയുകയായിരുന്നു.
അജിത്തിന്റെ നിസഹായത മനസിലാക്കിയ ബാബു പണം വേണ്ടെന്ന് വച്ച് ഓട്ടോയുമായി തിരിച്ചുപോവുകയും ചെയ്തു. എന്നാൽ തന്നെ കൃത്യസമയത്ത് സഹായിച്ച ബാബുവിന് പണം തിരികെ നൽകണമെന്ന് അജിത്തിന് നിർബന്ധമുണ്ടായിരുന്നു. വളരെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷമാണ് ബാബുവിനെ കണ്ടെത്താൻ അജിത് സാധിച്ചത്. ആങ്ങനെയാണ് അന്ന് കടം പറഞ്ഞ 100 രൂപ 10,000 രൂപയായി അജിത്ത് തിരികെ നൽകിയതും.