ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ താൻ പെൺകുട്ടിക്കൊപ്പമാണെന്നും ആ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കാപാലികന് തൂക്ക് കയർ വാങ്ങിനൽകാൻ താൻ മുന്നിലുണ്ടാകുമെന്നും അഡ്വക്കേറ്റ് ബി.എ ആളൂർ. കുഞ്ഞിന് നീതി ലഭിക്കുന്നതിന് വേണ്ടി തന്നെ ചിലർ സമീപിച്ചിരുന്നു. അതിനാൽ കേസിൽ നീതി നടപ്പാക്കാൻ കുട്ടിക്കും കുടുംബത്തോടൊപ്പവുമാണ് താൻ നിൽക്കുകയെന്നാണ് ആളൂർ വ്യക്തമാക്കിയത്.
“ഒരു അഭിഭാഷകനെന്ന നിലയ്ക്ക് എന്റെ കക്ഷിക്ക് നീതി കിട്ടുന്നതിന് വേണ്ടി കോടതിയിൽ ആ വ്യക്തിയുടെ ശബ്ദമാകാൻ ഞാൻ ശ്രമിക്കാറുണ്ട്.
ഒരു കേസിൽ എന്നെ ആദ്യം സമീപിക്കുന്നത് ആരാണോ അവർക്ക് വേണ്ടി ഞാൻ വക്കാലത്ത് ഏറ്റെടുക്കും. അത് വാദിയാകാം, പ്രതിയാകാം. ആർക്ക് വേണ്ടി ഹാജരാകണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന് നീതി ലഭിക്കുന്നതിന് വേണ്ടി എന്നെ ചിലർ സമീപിച്ചിരുന്നു. ആ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കാപാലികന് തൂക്ക് കയർ വാങ്ങിനൽകണമെന്നാണ് അവർ എന്നോട് ആവശ്യപ്പെട്ടത്. അതിനുവേണ്ടി ഞാൻ മുന്നിലുണ്ടാകും. അതിനാൽ കേസിൽ നീതി നടപ്പാക്കാൻ കുട്ടിക്കും കുടുംബത്തോടൊപ്പവുമാണ് ഞാൻ നിൽക്കുക. ഇത് നിർഭയ കേസിനോട് അടുത്ത് നിൽക്കുന്ന കേസാണ്” എന്നും അദ്ദേഹം പറഞ്ഞു.
“ഈ കേസുമായി ബന്ധപ്പെട്ട് എന്നെ ഇതുവരെ പ്രതിയോ പ്രതിക്ക് വേണ്ടി മറ്റാരെങ്കിലുമോ സമീപിച്ചിട്ടില്ല. ഇനി സമീപിച്ചാലും വക്കാലത്ത് ഞാൻ ഏറ്റെടുക്കില്ല. കാരണം പെൺകുട്ടിക്ക് വേണ്ടി പലരും എന്നോട് സംസാരിച്ചിട്ടുണ്ട്. പ്രൊഫഷണൽ എത്തിക്സ് നൂറ് ശതമാനം പാലിക്കുന്ന അഭിഭാഷകനാണ് ഞാൻ. എതിർഭാഗത്ത് നിന്ന് എന്ത് സ്വാധീനമുണ്ടായാലും അതിൽ അഡ്വ. ആളൂർ വീഴില്ല. എന്റെ കക്ഷിയുടെ നീതി മാത്രമാണ് ഞാൻ പരിഗണിക്കുക. പണം കൊണ്ട് എന്നെ സ്വാധീനിക്കാൻ സാധിക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.