മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത. കൂടിക്കാഴ്ചയിൽ സംതൃപ്തിയെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉറപ്പ് ലഭിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ പൂര്‍ണമായി വിശ്വസിക്കുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പരാതി നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമുള്ള അതിജീവിതയുടെ പ്രതികരണമാണിത്.
കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള തന്റെ ആശങ്കകള്‍ മുഖ്യമന്ത്രിയെ അറിയിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു. മൂന്ന് പേജുള്ള പരാതിയും അതിജീവിത മുഖ്യമന്ത്രിക്ക് കൈമാറി.
കേസന്വേഷണം അട്ടിമറിക്കപ്പെടും എന്ന ആശങ്ക വേണ്ടെന്ന ഉറപ്പ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് നൽകിയെന്നാണ് സൂചന. രാവിലെ പത്ത് മണിയോടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അതിജീവിത 15 മിനിറ്റ് സമയമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കൊപ്പമാണ് അതിജീവിതയെത്തിയത്.