സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാർക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനൊരുങ്ങി സർക്കാർ. സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചതിനേത്തുടർന്നാണ് നടപടി. പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്താൽ ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങും.
1968-ലാണ് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. അന്ന് സൈബർ നിയമങ്ങൾ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ജീവനക്കാരുടെ ഇടപെടലുകൾ കൂടിയതിനേത്തുടർന്നാണ് സർക്കാർ നടപടി കടുപ്പിക്കാൻ തീരുമാനിച്ചത്. ഇതേത്തുടർന്ന് ഭരണപരിഷ്കാര വകുപ്പ് നൽകിയ ഭേദഗതി നിർദേശമുൾപ്പെടുന്ന ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
മുഖ്യമന്ത്രി ഫയൽ അംഗീകരിച്ചാൽ ഭേദഗതി നിർദേശം മന്ത്രിസഭയിലെത്തും. പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്താൽ ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങും. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിലൂടെ സർക്കാർ വിരുദ്ധ നിലപാടുകൾ പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടും.