തിരുവനന്തപുരത്ത് സഹപാഠി നൽകിയ ശീതള പാനീയം കുടിച്ച് ആന്തരികാവയവങ്ങൾക്ക് ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന 6–ാം ക്ലാസ് വിദ്യാർഥി മരിച്ചു. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് പതിനൊന്നുകാരൻ മരണത്തിന് കീഴടങ്ങിയത്. കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിൽ–സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ (11) ആണ് മരിച്ചത്. കുട്ടിക്ക് ആരാണ് ഈ പാനീയം നൽകിയതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.
അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ മാസം 24 നാണ് സംഭവം നടന്നത്. പരീക്ഷയ്ക്ക് ശേഷം ശുചിമുറിയിൽ പോയി മടങ്ങുന്ന വഴി സ്കൂളിലെ ഒരു വിദ്യാർഥി ‘കോള’ എന്ന പേരിൽ പാനീയം കുടിക്കാൻ തന്നുവെന്നാണ് കുട്ടി മൊഴി നൽകിയത്. ജ്വരം ബാധിച്ച് അവശനിലയിൽ അടുത്ത ദിവസം തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഛർദിയും കടുത്ത ശ്വാസംമുട്ടലും കാരണം 27ന് അശ്വിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ശരീരത്തിൽ ചെന്നിട്ടുണ്ടെന്നും അന്നനാളത്തിനും കുടലിനുമുൾപ്പെടെ പൊള്ളലേറ്റെന്നും കണ്ടെത്തിയത്.