പല്ല് വേദനയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വയസുകാരൻ മരിച്ചു. തൃശൂർ മുണ്ടൂർ സ്വദേശികളായ കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. കുന്നംകുളം മലങ്കര ആശുപത്രിയിലായിരുന്നു സംഭവം.
പല്ല് വേദനയേത്തുടർന്ന് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ആരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാലിനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ സർജറിക്കായി കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയാറായില്ല.
പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായെന്നും അതിനേത്തുടർന്നാണ് കുട്ടി മരണപ്പെട്ടതെന്നുമാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ചികിത്സാ പിഴവാണ് നാല് വയസുകാരന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച് വൻ പ്രതിഷേധമാണ് ആശുപത്രിക്കും ചികിത്സിച്ച ഡോക്ടർക്കുമെതിരെ ഉയരുന്നത്.