കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിന് ഇരയായ മൂന്നാം ക്ലാസുകാരി ജാൻവി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമത്തിൽ തലയ്ക്കും വയറിലും തുടയിലും കയ്യിലും ആഴത്തിൽ മുറിവേറ്റ കുട്ടിയെ ഉടൻ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജാൻവിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് എടക്കാട് സ്വദേശിനിയായ 9 വയസുകാരിയായ ജാന്‍വിയെ തെരുവുനായക്കൂട്ടം ആക്രമിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ ജാൻവിയെ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നായ്ക്കൂട്ടം നടത്തിയതായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയതോടെയാണ് നായ്ക്കൾ തിരിഞ്ഞോടിയത്.
തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ അധികൃതർ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ ജാന്‍വിയുടെ പിതാവ് ബാബു പറഞ്ഞു. മുഴപ്പിലങ്ങാട് കഴിഞ്ഞ ദിവസം തെരുവുനായ ആക്രമണത്തിൽ പതിനൊന്നുകാരന്‍ മരണപ്പെട്ടിരുന്നു.